Thursday, April 26, 2007

പറയാതെ പോയത്‌...

കണ്ണില്‍കനലുമായ്‌ അവന്‍ നിന്നു..ഉത്സവപറംബിലെ പഞ്ചാരി അഞ്ചാം കാലത്തിലേക്കു കടന്നപ്പോള്‍, ആര്‍പ്പുവിളികള്‍ക്കിടയില്‍ അവന്‍ മാത്രം ഒറ്റക്ക്‌..
പറയാതെ പോയ വാക്കുകള്‍ തിരിച്ചറിയാനാവാതെ, കലങ്ങി മറിഞ്ഞ കണ്ണുകളോടെ അവള്‍ നടന്നടുത്തു...
`അടുത്തയാഴ്ച എന്റെ കല്യാണമാണു..മുന്നില്‍ ആകാശരൂപിയായി കാലദുര്‍ഗയുടെ തിടംബ്‌..പഞ്ചാരി മുറുകി..ഞങ്ങളുടെ ആള്‍ക്കാര്‍ തന്നെയാണു..ബാംഗ്ലൂരിലാണു ജോലി..
അധകൃതനായ അവന്റെ മേല്‍ അലിവാര്‍ന്ന ആകാശം മഴയായ്‌ പൊഴിഞ്ഞു..
`ജന്മനാ ജായതേ ശൂദ്ര:,
സംസ്കാരാത്‌ ദ്വിജ ഉച്യതെ,
വേദപാഠീ ഭവേത്‌ വിപ്ര:,
ബ്രഹ്മജാനാതി ബ്രാഹ്മണ:`
അവളുടെ കണ്ണുകളില്‍ അവന്റെ മൊഴി നിറഞ്ഞു..
കലാശം കൊട്ടി കഴിഞ്ഞു.. നിരന്നു നിന്നിരുന്ന ആനകള്‍ ഇപ്പോള്‍ ചമയങ്ങളഴിക്കുന്നു...
ആള്‍ക്കൂട്ടത്തോടൊപ്പം, യാത്രമൊഴിയില്ലാതെ അവള്‍ നടന്നകന്നു..ഇടയ്ക്കിടെ അവന്റെ നിറഞ്ഞ കണ്ണുകളിലേക്കു തിരിഞ്ഞു നോക്കി കൊണ്ടു....

Wednesday, April 25, 2007

ചില്ലക്ഷരങ്ങള്‍

കാലമെന്ന മഹാസത്യം ഒരു പ്രളയമായി എന്നെ പുണര്‍ന്നു. അതിണ്റ്റെ കുത്തൊഴുക്കില്‍ ഓര്‍മ്മകളുടെ അക്ഷരങ്ങള്‍ ചിലത്‌ തകര്‍ന്നു..ചിലത്‌ ആ ഒഴുക്കിനോടൊട്ടിചേര്‍ന്ന് ഒഴുകി ഒഴുകി പിന്നെ അതിലലിഞ്ഞില്ലാതായി. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറവും ചിലത്‌ സമുദ്രാഗ്നിയായ്‌ ജ്വലിച്ചു നില്‍ക്കുന്നു..ആ ചില്ലക്ഷരങ്ങള്‍ ഇതാ ഇവിടെ ..

യു മിസ്‌ട്‌ ഏ ചാന്‍സ്‌!!

ചുറ്റും അലയിളകുന്ന കടല്‍..തിരകളില്‍ വെയില്‍ തട്ടി തിളങ്ങുമ്പോള്‍,ആ പഴയ കൂട്ടുകാരിയുദെ കാലിലെ കൊലുസിളകുന്ന പോലെ...ആ സന്ധ്യയങ്ങനെ നോക്കി രസിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌, സഞ്ചരിച്ചിരുന്ന ചെറിയ അലുമിനിയം ബോട്ടിണ്റ്റെ എഞ്ചിന്‍ റൂമില്‍ നിന്ന്‌ ഒരു ചെറിയ മുഴക്കം..പിന്നെ ചെറുതായി പുകയും...ഹേയ്‌..ഇതെന്ത്‌ തമാശ? എന്ന്‌ വച്ച്‌ നോക്കവേ, ചെറിയ പുക..വലുതായി വലുതായി വരുന്നു..ഞങ്ങള്‍ ഇരുന്നിരുന്ന ക്യാബിനില്‍ ശ്വാസം കിട്ടാത്ത അത്ര പുകയും, കരിഞ്ഞ മണവും.. ഒരു ബോട്ട്‌ ജീവനക്കാരന്‍ വന്ന്‌ കിതച്ച്‌ കൊണ്ടു പറഞ്ഞു..സാര്‍...എഞ്ചിന്‍ റൂമില്‍ തീ പിടിച്ചിരിക്കുന്നു...വേഗം ലൈഫ്‌ ജാക്കെറ്റ്‌ എടുത്തിട്ടോളൂ...എന്ന്‌.. അപ്പോ ഇതു തന്നെ ആ സമയം..ഞാനുറപ്പിച്ചു..വെറുതെ മരണം എന്നു പറഞ്ഞ്‌ പറഞ്ഞ്‌ നടന്ന്‌..ഇപ്പൊ അച്ചട്ടായി.. ഇതൊക്കെയിട്ടിട്ട്‌ എങ്ങോട്ട്‌ ചാടാന്‍? ചുറ്റും കരകാണാതെ കടല്‍ മാത്രം... പിന്നീടങ്ങോട്ട്‌ ഒരു പതിനഞ്ച്‌ മിനിറ്റ്‌ നേരം ആകെ ഒരു തരിപ്പായിരുന്നു...ഒരു കറുത്ത നിഴല്‍ പോലെ ചാവ്‌ എന്നെ തൊടാനായുന്നത്‌ പോലെ.. ഇനിയും കര്‍മ്മനിയോഗം ബാക്കി നില്‍ക്കുന്നതിനാലാകാം, എവിടെ നിന്നോ ഒരു ബോട്ട്‌ ചീറി പാഞ്ഞ്‌ വന്നു... പിന്നീട്‌ ഒരു മണിക്കൂറ്‍ കഴിഞ്ഞ്‌ അവശനായി കരയിലെത്തിയപ്പോള്‍ എണ്റ്റെ മനസ്സ്‌ മുഴുവന്‍ നിരാശയായിരുന്നു...പണ്ട്‌ ചുഴിഞ്ഞൊഴുകുന്ന പുഴക്ക്‌ മുകളിലെ പാലത്തില്‍ നിന്ന്‌ തിരിച്ച്‌ നടക്കുമ്പോള്‍ തോന്നിയത്‌ പോലെ...ഞാന്‍ അന്നത്തെ പോലെ മനസ്സില്‍ പറഞ്ഞു... ' യു മിസ്സ്‌ട്‌ എ ചാന്‍സ്‌'